ഇടുക്കി ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്
തൊടുപുഴ: ഇടുക്കി ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശാന്തൻപാറ മേഖലയിൽ രോഗത്തിന്റെ പ്രാദേശിക വ്യാപനം കണ്ടെത്തിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.
ദേവികുളം, ഇളംദേശം, വെള്ളത്തൂവൽ, കരുണാപുരം, ഇരട്ടയാർ തുടങ്ങിയ പ്രദേശങ്ങളിലും ഒറ്റപ്പെട്ട കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗവ്യാപനം കൂടുതൽ പ്രദേശങ്ങളിലേക്ക് പടരാതിരിക്കാൻ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
രോഗലക്ഷണങ്ങൾ ശ്രദ്ധിക്കണം
പെട്ടെന്നുള്ള ഉയർന്ന പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലെ വേദന, പേശികളിലും സന്ധികളിലും വേദന, ശരീരത്തിൽ ചുവന്ന പാടുകൾ, ഓക്കാനം, ഛർദ്ദി, അമിതമായ ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ ആരോഗ്യകേന്ദ്രത്തിലെത്തി പരിശോധനയും ചികിത്സയും തേടണം. പനി കുറഞ്ഞുതുടങ്ങുന്ന ഘട്ടത്തിലും ഗുരുതരമായ സങ്കീർണതകൾ ഉണ്ടാകാമെന്നതിനാൽ പ്രത്യേക ശ്രദ്ധ വേണം.
കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കുക
- വീടിനും പരിസരത്തും വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക.
- ചിരട്ട, ടയർ, പ്ലാസ്റ്റിക് പാത്രങ്ങൾ എന്നിവയിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.
- വെള്ളം സംഭരിക്കുന്ന പാത്രങ്ങൾ അടച്ചുസൂക്ഷിക്കുക.
- ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കുക.
- കൊതുകുകടിയേൽക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുക.
വീടുകളിലും സ്ഥാപനങ്ങളിലും ആഴ്ചയിൽ പത്ത് മിനിറ്റ് മാറ്റിവെച്ച് പരിസരം പരിശോധിച്ച് കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ നശിപ്പിക്കണമെന്നും ആരോഗ്യവകുപ്പ് അഭ്യർഥിച്ചു.
ജനങ്ങളുടെ കൂട്ടായ സഹകരണത്തിലൂടെ മാത്രമേ ഡെങ്കിപ്പനി വ്യാപനം നിയന്ത്രിക്കാനാകൂവെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.