മാസപ്പടി വിവാദം പുതിയ വഴിത്തിരിവിലേക്ക്; മുന് മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആര്; ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് കണ്ടെത്തല്; ക്രിമിനല് ഗൂഢാലോചന കുറ്റവും ചുമത്തി വിജിലന്സ് അന്വേഷണം കടുപ്പിക്കുന്നു; രണ്ടു കേസുകള് രജിസ്റ്റര് ചെയ്തു; പ്രതിപക്ഷ നേതാവിനെ അറസ്റ്റു ചെയ്യുമോ?
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച മാസപ്പടി വിവാദത്തില് മുന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മുന് മന്ത്രി പി. മുഹമ്മദ് റിയാസിനുമെതിരെ ഗുരുതരമായ വകുപ്പുകള് ഉള്പ്പെടുത്തി എഫ്.ഐ.ആര് രജിസ്റ്റര് ചെയ്തു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അനധികൃതമായി സാമ്പത്തിക നേട്ടമുണ്ടാക്കി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വിജിലന്സ് അന്വേഷണം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നത്. മുന് മുഖ്യമന്ത്രിയും മന്ത്രിയും ഉന്നത പദവികള് വഹിച്ചിരുന്ന വ്യക്തികളും ഈ കേസില് പ്രതിയാകുന്നത് സംസ്ഥാന ചരിത്രത്തില് തന്നെ ആദ്യമായാണ്. രണ്ടു എഫ് ഐ ആര് ഇട്ടു. പ്രമുഖ വ്യവസായ സ്ഥാപനമായ കരിമണല് കര്ത്തയുടെ ഉടമസ്ഥതയിലുള്ള സി.എം.ആര്.എല് കമ്പനിയില് നിന്നും കോടിക്കണക്കിന് രൂപ മുന് മുഖ്യമന്ത്രിയുടെ മകള് വീണ വിജയനും അവരുടെ കമ്പനിക്കും മാസപ്പടിയായി ലഭിച്ചുവെന്ന കണ്ടെത്തലാണ് ഈ നിയമനടപടിക്ക് അടിത്തറ പാകിയത്. കര്ത്തയുടെ കൈവശത്തുനിന്നും ഏകദേശം 3.28 കോടി രൂപയോളം കൈപ്പറ്റിയതിന് പകരമായി മുഖ്യമന്ത്രിയും മറ്റ് ഉന്നത നേതാക്കളും കമ്പനിക്ക് എന്തൊക്കെ അനുകൂല സഹായങ്ങളാണ് ചെയ്തുകൊടുത്തത് എന്നതിനെക്കുറിച്ചുള്ള അന്വേഷണമാണ് ഇപ്പോള് ശക്തമായിരിക്കുന്നത്.
ഈ കേസില് വിജിലന്സ് ചുമത്തിയിരിക്കുന്ന വകുപ്പുകളില് ഏറ്റവും പ്രധാനം അഴിമതി നിരോധന നിയമത്തിലെ സെക്ഷന് 13(1)ഉ ആണ്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുകൊണ്ട് സാമ്പത്തിക നേട്ടമുണ്ടാക്കി എന്ന ഗുരുതരമായ കുറ്റമാണ് ഇതിലൂടെ ഇവര്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിനുപുറമെ, പ്രതികള്ക്കെതിരെ ക്രിമിനല് ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്. ഈ പ്രമുഖ നേതാക്കള്ക്ക് പുറമെ മകള് വീണ വിജയന്, മുന് മന്ത്രി പി. മുഹമ്മദ് റിയാസ് എന്നിവരും കേസില് പ്രധാന പ്രതികളായാണ് ഉള്പ്പെട്ടിരിക്കുന്നത്. മുന്പ് ഇഡിയുടെ കണ്ടെത്തലുകളുടെയും റിപ്പോര്ട്ടുകളുടെയും അടിസ്ഥാനത്തിലാണ് വിജിലന്സ് ഈ പുതിയ നീക്കം നടത്തിയിരിക്കുന്നത്. കരിമണല് കര്ത്തയ്ക്ക് അനുകൂലമായി എന്തെല്ലാം നിയമപരമായ ഇളവുകളും സഹായങ്ങളുമാണ് ഭരണതലത്തില് ചെയ്തു കൊടുത്തത് എന്നതിനെക്കുറിച്ച് അന്വേഷണ സംഘം വിശദമായി പരിശോധിക്കും. ഇഡിയുടെ പ്രാഥമിക വിലയിരുത്തലുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില് തയ്യാറാക്കിയ എഫ്.ഐ.ആറിന്റെ തുടര്നടപടികള് അതിവേഗം പുരോഗമിക്കുകയാണ്.