തൊടുപുഴ : മുതലക്കോടത്ത് വൃദ്ധ സദനത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ ശേഷം വിദേശത്തേക്ക് കടന്ന പ്രതി പിടിയിൽ . അന്തേവാസികളിൽ നിന്നും ലക്ഷങ്ങൾ വാങ്ങി മുങ്ങിയ വണ്ണപ്പുറം സ്വദേശി മേടക്കൽ ജീവൻ തോമസാണ് (40) ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിലായത്. ഇയാൾക്കായി നേരത്തെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.
വാർദ്ധക്യം മെച്ചപ്പെട്ടതാകുമെന്നു വാഗ്ദാനം നൽകി തുക മുൻകൂറായി വാങ്ങിയായിരുന്നു ജീവൻ തോമസിന്റെ ഇടപാട്. വിരമിച്ചപ്പോൾ കിട്ടിയ തുകയും, വസ്തുവകകൾ വിറ്റു കിട്ടിയ പണവുമെല്ലാം സമാഹരിച്ച് പത്തും, പതിനഞ്ചും ലക്ഷം വീതമാണ് ഓരോരുത്തരും "എൽഡർ ഗാർഡൻ " എന്ന സ്വകാര്യ വൃദ്ധ സദനത്തിനായി നൽകിയത്. തൊടുപുഴയിൽ എത്തിയപ്പോഴാണ് പലരും വഞ്ചിക്കപ്പെട്ട കാര്യം അറിയുന്നത്. പഴകിയ കെട്ടിടവും, അന്തരീക്ഷവും, പരിചരണത്തിന് പോലും ആരുമില്ല. പലപ്പോഴും ഭക്ഷണവും ഇല്ലാത്ത സ്ഥിതി. നൽകിയ പണം തിരികെ ചോദിക്കുമ്പോൾ ഉടമ അവധി പറഞ്ഞു നീട്ടി. തുടർന്ന് ഇയാൾ വിദേശത്തേക്ക് മുങ്ങുകയായിരുന്നു.
അന്തേവാസികളുടെ ദുരവസ്ഥ സംബന്ധിച്ച് വാർത്ത വന്നതിനെ തുടർന്ന് ജില്ലാ കളക്ടറും, ജില്ലാ സാമൂഹിക നീതി വകുപ്പ് അധികൃതരും ഇടപെട്ടു. വൃദ്ധ സദന ഉടമ നാട്ടിലേക്ക് വരാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
തൊടുപുഴ പോലീസ് ബംഗളുരുവിൽ നിന്നും ജീവനെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. വിശ്വാസ വഞ്ചന, തട്ടിപ്പ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.