തൊടുപുഴ: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ റബറിന്റെ താങ്ങുവില ₹250 ആക്കുമെന്ന് Rahul Gandhi നടത്തിയ പ്രഖ്യാപനം പ്രതീക്ഷയോടെ കാണുന്നതായും ഇത്
ഘട്ടംഘട്ടമായി ₹300 എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജില്ലയിലെ റബർ കർഷകർ പറയുന്നു. LDF സർക്കാർ ചെയ്തത് പോലെ പ്രഖ്യാപനം നടപ്പാക്കാൻ നാലര വർഷം കാത്തിരിക്കേണ്ടി വരരുതെന്നും കർഷകർ സർക്കാരിനോട് അഭ്യർഥിച്ചു. റബറിന് താങ്ങുവില ₹250 ആയി ഉയർത്തുമെന്ന് 2016ലെ പ്രകടന പത്രികയിൽ വാഗ്ദാനം നൽകിയ LDF മുന്നണി 2025 ഒക്ടോബറിലാണ് ₹170ൽ നിന്ന് ₹200 ആയി താങ്ങുവില ഉയർത്തിയത്.
നിലവിലെ മാർക്കറ്റ് വിലയും താങ്ങുവിലയും തമ്മിലുള്ള വ്യത്യാസം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സബ്സിഡിയായ് നൽകുന്ന വിലസ്ഥിരത പദ്ധതിയിൽ ബിൽ സമർപ്പിച്ച കർഷകർക്ക് ഈ തുക ലഭിച്ചില്ലെന്നും പരാതിയുണ്ട്. ഇപ്പോൾ റെയിൻഗാർഡിംഗ് സീസണായതിനാൽ കർഷകർ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. പ്ലാസ്റ്റിക്കിന് കഴിഞ്ഞ വർഷത്തേക്കാൾ കിലോഗ്രാമിന് ഏകദേശം ₹100 വർധിച്ചു. ₹126ൽ നിന്ന് ₹226ലേക്കാണ് വില ഉയർന്നത്. റെയിൻഗാർഡിംഗിന് ഉപയോഗിക്കുന്ന ഓരോ വസ്തുക്കൾക്കും ഇരട്ടിയോളം വില വർധിച്ചു. ആർപിഎസുകൾ വഴി സബ്സിഡി നിരക്കിൽ റെയിൻഗാർഡിംഗ് ഉൽപ്പന്നങ്ങൾ നൽകുന്നുണ്ടെങ്കിലും മുഴുവൻ തുകയും മുൻകൂർ അടച്ചതിന് ശേഷമാണ് സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കുന്നത്. തുക മുൻകൂട്ടി കണ്ടെത്തേണ്ടിവരുന്നതിനാൽ നിരവധി ചെറുകിട കർഷകർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.