തൊടുപുഴ ∙ വേനൽ കടുത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,341 അടിയായി കുറഞ്ഞു. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരമാണിത്. കഴിഞ്ഞ വർഷത്തെക്കാൾ 8.3 അടി വെള്ളം കുറവാണിപ്പോൾ. കെഎസ്ഇബിയുടെ സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലും ജലനിരപ്പ് കാര്യമായി താഴ്ന്നു അണക്കെട്ടുകളിൽ ഇപ്പോൾ 37% വെള്ളമാണു ശേഷിക്കുന്നത്. 2022നു ശേഷം ജലനിരപ്പ് ഇത്രയും കുറയുന്നത് ഇതാദ്യമാണ്.
ചരിത്രത്തിൽ ആദ്യമായി ഏപ്രിൽ മാസത്തിൽ സംസ്ഥാനത്തെ ഒരു ദിവസത്തെ ശരാശരി വൈദ്യുതി ഉപയോഗം 102.01 ദശലക്ഷം യൂണിറ്റായി ഉയർന്നിരുന്നു. കഴിഞ്ഞ വർഷം ഇത് 93.14 ദശലക്ഷം യൂണിറ്റായിരുന്നു. ഇപ്പോൾ സംസ്ഥാനത്ത് പ്രതിദിനം 80 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇറക്കുമതി ചെയ്യുന്നുണ്ട്. കാലവർഷം എത്താൻ ഇനിയും 48 ദിവസം കൂടി വേണമെന്നാണു കണക്കാക്കുന്നത്. അതുവരെ ഉൽപാദനം കാര്യമായി ഉയർത്താതെ പുറത്തുനിന്നു വൈദ്യുതി എത്തിച്ചാൽ മാത്രമേ പ്രതിസന്ധിയില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കൂവെന്നും അധികൃതർ പറയുന്നു.