പാലക്കാട്ട് വീണ്ടും ആൾക്കൂട്ടക്കൊലപാതകം; യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ
പാലക്കാട്: വണ്ടിത്താവളം മൂലത്തറ റഗുലേറ്ററിന് സമീപം ഭിക്ഷാടകനായ യുവാവിനെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 40 വയസ്സ് പ്രായം തോന്നിക്കുന്ന ഇയാൾക്ക് സംസാരശേഷിക്കുറവും മാനസികാസ്വാസ്ഥ്യവും ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
പ്രദേശത്ത് ഒരാഴ്ചയോളമായി അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന യുവാവിന്റെ മൃതദേഹം ഞായറാഴ്ച രാവിലെ നാട്ടുകാരാണ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിൽ ശരീരത്തിൽ അൻപതിലേറെ മുറിവുകൾ കണ്ടെത്തി. തലയ്ക്കേറ്റ പരിക്കിനെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് കണ്ടെത്തൽ.
പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കൊഴിഞ്ഞാമ്പാറ സ്രാമ്പി ഉന്നതിയിലെ കാർത്തിക് (26), നവീൻ (24), സഞ്ജയ് (27), പ്രശാന്ത് (35), കതിരേശൻ (23), മണികണ്ഠൻ (25), സൂര്യപ്രകാശ് (22) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളിൽ ഒരാളുടെ വീടിന് സമീപം യുവാവ് കിടന്നുറങ്ങുന്നതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവാവിനെ പിന്തുടർന്ന് മരത്തടികളും കല്ലുകളും ഉപയോഗിച്ച് ക്രൂരമായി മർദിച്ചെന്നാണ് അന്വേഷണത്തിൽ പുറത്തുവന്ന വിവരം. നിലത്തുവീണ ശേഷവും ആക്രമണം തുടർന്നതായി റിപ്പോർട്ടുകളുണ്ട്.
സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും കൊല്ലപ്പെട്ടയാളുടെ വ്യക്തിവിവരങ്ങൾ എന്താണെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
2018-ൽ അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടതും 2025-ൽ വാളയാറിൽ ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായൺ ഭാഗേൽ കൊല്ലപ്പെട്ടതും ഉൾപ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട്ട് വീണ്ടും ആൾക്കൂട്ട ആക്രമണം റിപ്പോർട്ട് ചെയ്തത് വലിയ ആശങ്ക ഉയർത്തിയിട്ടുണ്ട്.