വീടിനോട് ചേർന്നും പോൾട്രി ഫാമുകൾ ആരംഭിക്കാൻ അനുമതി നൽകുന്ന രീതിയിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുതിയ ഉത്തരവ്. 5,000 വരെ കോഴികളോ താറാവുകളോ വളർത്തുന്ന ഫാമുകൾക്ക് ഇനി ബോർഡിന്റെ പ്രത്യേക അനുമതി ആവശ്യമില്ല. ഈ പരിധിയിലുള്ള ഫാമുകളെ വീടുകളിൽ നിന്നും മറ്റ് സ്ഥാപനങ്ങളിൽ നിന്നുമുള്ള നിശ്ചിത ദൂരപരിധി മാനദണ്ഡങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ലൈവ്സ്റ്റോക്ക് ഫാമുകൾ സ്ഥാപിക്കുന്നതിനുള്ള ദൂരപരിധി മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കഴിഞ്ഞ മാസമാണ് മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിറക്കിയത്. ഇതുപ്രകാരം 501 മുതൽ 5,000 വരെ പക്ഷികളുള്ള ഫാമുകൾ വീടുകളിൽ നിന്നും മറ്റ് സ്ഥാപനങ്ങളിൽ നിന്നും കുറഞ്ഞത് 25 മീറ്റർ അകലം പാലിക്കണമെന്ന വ്യവസ്ഥ ഏർപ്പെടുത്തിയിരുന്നു. ഇത് വ്യാപകമായ പ്രതിസന്ധിക്ക് ഇടയാക്കിയതോടെയാണ് പുതിയ ഉത്തരവിലൂടെ ഇളവ് അനുവദിച്ചിരിക്കുന്നത്.
പുതിയ ഉത്തരവ് പ്രകാരം 5,000-ത്തിലധികം പക്ഷികളുള്ള ഫാമുകൾക്കു മാത്രമാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ആവശ്യമായി വരുന്നത്.
അതേസമയം, ആട്, മുയൽ ഫാമുകൾക്കുള്ള ദൂരപരിധി മാനദണ്ഡങ്ങളിലും നിബന്ധനകൾ വ്യക്തമാക്കിയിട്ടുണ്ട്. 51 മുതൽ 500 വരെ ആടുകളുള്ള ഫാമുകൾ വീടുകളിൽ നിന്നും മറ്റ് സ്ഥാപനങ്ങളിൽ നിന്നും കുറഞ്ഞത് 25 മീറ്റർ അകലം പാലിക്കണം. 500-ൽ കൂടുതൽ ആടുകളുള്ള ഫാമുകൾക്ക് 50 മീറ്റർ ദൂരപരിധി ബാധകമാണ്.
51 മുതൽ 400 വരെ മുയലുകളുള്ള ഫാമുകൾക്കും 25 മീറ്റർ ദൂരപരിധി പാലിക്കണം. 400-ൽ കൂടുതൽ മുയലുകളുള്ള ഫാമുകൾക്ക് 50 മീറ്റർ അകലം നിർബന്ധമാണ്.
പുതിയ ഉത്തരവ് ചെറുകിട കോഴി വളർത്തൽ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. ഗ്രാമീണ മേഖലകളിൽ വീടിനോട് ചേർന്ന് കോഴി വളർത്തൽ നടത്തുന്നവർക്കും പുതിയ തീരുമാനം പ്രയോജനപ്പെടും.