അഞ്ചിരി റോഡിലെ യാത്രാദുരിതത്തിന് ആശ്വാസം; മലങ്കര എസ്റ്റേറ്റിലൂടെ താൽക്കാലിക പാത തുറന്നു
തൊടുപുഴ: തെക്കുംഭാഗം–അഞ്ചിരി റോഡിൽ മലങ്കര ഗേറ്റിന് സമീപം കലുങ്ക് പൊളിച്ചുമാറ്റിയതിനെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ട പ്രദേശത്ത് താൽക്കാലിക റോഡ് തുറന്നു. മലങ്കര എസ്റ്റേറ്റിലൂടെ ഏകദേശം 120 മീറ്റർ ദൂരത്തിലാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് താൽക്കാലിക പാത ഒരുക്കിയത്. ഇതോടെ അഞ്ചിരി റൂട്ടിലെ ചെറുവാഹന യാത്രക്കാർക്ക് വലിയ ആശ്വാസമായി.
ഒരാഴ്ച മുമ്പാണ് മലങ്കര ഗേറ്റിന് സമീപത്തെ കലുങ്ക് പൊളിച്ചുമാറ്റിയത്. ഇതോടെ വാഹനഗതാഗതം മാത്രമല്ല, കാൽനടയാത്രയും തടസ്സപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവിടെ താൽക്കാലിക നടപ്പാലം നിർമ്മിച്ചത്.
വാഹനഗതാഗതം നിലച്ചതോടെ അഞ്ചിരി ഭാഗത്തേക്കുള്ള യാത്രക്കാർ കിലോമീറ്ററുകൾ ചുറ്റി ചേറ്റി, ഇഞ്ചിയാണി വഴിയും അയ്യമ്പാറയിൽനിന്ന് വട്ടമറ്റം വഴിയും യാത്ര ചെയ്യേണ്ടിവന്നു. അയ്യമ്പാറ–വട്ടമറ്റം പഞ്ചായത്ത് റോഡിലൂടെ ഒരു സമയം ഒരു ചെറിയ വാഹനത്തിന് മാത്രമേ കടന്നുപോകാൻ കഴിയുമായിരുന്നുള്ളൂ. എതിർദിശയിൽ വാഹനങ്ങൾ എത്തിയാൽ സൈഡ് നൽകാൻ കഴിയാത്തതും യാത്രക്കാർക്ക് വലിയ ദുരിതമായി.
ഇതോടെയാണ് നാട്ടുകാർ പ്രശ്നം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അൻഷാദിന്റെയും മുൻ ഇടവെട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ എ.കെ. സുഭാഷ് കുമാറിന്റെയും ശ്രദ്ധയിൽപ്പെടുത്തിയത്. ഇരുവരും മലങ്കര എസ്റ്റേറ്റ് മാനേജ്മെന്റുമായി ബന്ധപ്പെട്ടു. കമ്പനിയുടെ ഹെഡ് ഓഫീസിൽനിന്ന് അനുമതി ആവശ്യമായതിനാൽ ഡീൻ കുര്യാക്കോസ് എം.പി. നേരിട്ട് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായി ബന്ധപ്പെട്ടാണ് താൽക്കാലിക റോഡ് നിർമ്മാണത്തിന് അനുമതി ലഭ്യമാക്കിയത്.