ഇന്ത്യയിൽ വെച്ച് വിവാഹിതരായവർ വിദേശ കോടതികളിൽനിന്ന് വിവാഹമോചനം നേടിയാൽ അത് ഇന്ത്യയിൽ സ്വമേധയാ അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഇന്ത്യൻ നിയമപ്രകാരം അംഗീകരിക്കാത്ത കാരണങ്ങൾ ചൂണ്ടിക്കാട്ടി വിദേശ കോടതിയിൽനിന്ന് വിവാഹമോചന ഉത്തരവ് നേടിയശേഷം വീണ്ടും വിവാഹം കഴിക്കുന്നവർക്ക് bigamy (ദ്വിവിവാഹം) കുറ്റത്തിന് നിയമനടപടി നേരിടേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, ശ്രീ ചന്ദ്രശേഖർ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയത്. വിദേശ കോടതിയുടെ വിവാഹമോചന ഉത്തരവിന്റെ അടിസ്ഥാനത്തിൽ വീണ്ടും വിവാഹം കഴിച്ച വ്യക്തിക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്ന ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.
ഇന്ത്യൻ നിയമത്തിൽ അംഗീകരിക്കാത്ത കാരണം
ആന്ധ്രാപ്രദേശിൽ ഹിന്ദു ആചാരപ്രകാരം 2003-ലാണ് ഹർജിക്കാരൻ ആദ്യ വിവാഹം കഴിച്ചത്. പിന്നീട് ഭാര്യയുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടായതിനെ തുടർന്ന് ഇന്ത്യയിലെ കോടതിയിൽ വിവാഹമോചനത്തിനും കുട്ടിയുടെ സംരക്ഷണത്തിനുമായി ഹർജി നൽകി. എന്നാൽ ഈ നടപടികൾ വിജയിച്ചില്ല.
തുടർന്ന് 2013-ൽ ബ്രിട്ടീഷ് പൗരത്വം നേടിയ ഇയാൾ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് കോടതിയെ സമീപിച്ചു. 2014 ജനുവരിയിൽ ദാമ്പത്യബന്ധം തകർന്നുവെന്ന (Irretrievable Breakdown of Marriage) കാരണത്താൽ കോടതി വിവാഹമോചനം അനുവദിച്ചു. തുടർന്ന് അതേ വർഷം മാർച്ചിൽ ഇയാൾ മറ്റൊരു വിവാഹം കഴിച്ചു.
എന്നാൽ ഹിന്ദു വിവാഹ നിയമപ്രകാരം ദാമ്പത്യബന്ധം തകർന്നുവെന്ന കാരണം മാത്രം വിവാഹമോചനത്തിനുള്ള നിയമപരമായ അടിസ്ഥാനമല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിനാൽ വിദേശ കോടതിയുടെ ഉത്തരവിന് ഇന്ത്യയിൽ സ്വമേധയാ നിയമസാധുത ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ആദ്യ ഭാര്യയുടെ പരാതിയിൽ കേസ്
വിദേശത്ത് വിവാഹമോചനം നേടിയശേഷം വീണ്ടും വിവാഹം കഴിച്ചതിനെതിരെ ആദ്യ ഭാര്യ 2016-ൽ പോലീസിൽ പരാതി നൽകി. ആദ്യ വിവാഹം നിയമപരമായി നിലനിൽക്കെ രണ്ടാമത് വിവാഹം കഴിച്ചുവെന്നായിരുന്നു പരാതി.
വിദേശ പൗരത്വം നേടിയതും രണ്ടാം വിവാഹം വിദേശത്ത് നടത്തിയതും ഇന്ത്യൻ നിയമപ്രകാരമുള്ള ഉത്തരവാദിത്വത്തിൽനിന്ന് ഒഴിവാകാൻ കാരണമാകില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ആദ്യ വിവാഹം ഇന്ത്യയിൽ നടന്നതാണെങ്കിൽ അതിന്റെ നിയമപരമായ നിലനിൽപ്പ് പരിശോധിക്കേണ്ടത് ഇന്ത്യൻ നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും കോടതി വ്യക്തമാക്കി.
ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം
നിലവിലുള്ള വിവാഹബന്ധം നിയമപരമായി അവസാനിപ്പിക്കാതെ വീണ്ടും വിവാഹം കഴിക്കുന്നത് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 494-ാം വകുപ്പ് പ്രകാരം കുറ്റകരമാണ്. ഈ വകുപ്പിൽ പരമാവധി ഏഴ് വർഷം വരെ തടവ് ലഭിക്കാം. 2024 ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിലുള്ള ഭാരതീയ ന്യായസംഹിതയിലെ 82-ാം വകുപ്പിലാണ് സമാനമായ കുറ്റവും ശിക്ഷയും ഉൾപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, കേസിൽ ഭർത്താവിന്റെ മാതാപിതാക്കൾക്കും രണ്ടാം ഭാര്യക്കുമെതിരായ ക്രിമിനൽ നടപടികൾ മതിയായ തെളിവുകളില്ലാത്തതിനാൽ സുപ്രീം കോടതി റദ്ദാക്കി. ഭർത്താവിനെതിരായ നടപടികൾ തുടരാനാണ് കോടതി ഉത്തരവിട്ടത്.
വിദേശത്ത് വിവാഹമോചനം നേടിയവർ ശ്രദ്ധിക്കേണ്ടത്
വിദേശ കോടതിയിൽനിന്ന് വിവാഹമോചന ഉത്തരവ് ലഭിച്ചതുകൊണ്ടുമാത്രം ഇന്ത്യയിലെ വിവാഹബന്ധം അവസാനിക്കണമെന്നില്ല. വിവാഹത്തിന് ബാധകമായ ഇന്ത്യൻ നിയമം, വിദേശ കോടതിയുടെ അധികാരപരിധി, വിവാഹമോചനത്തിന് ചൂണ്ടിക്കാട്ടിയ കാരണം, കോടതി നടപടികളിൽ ഇരുകക്ഷികൾക്കും ലഭിച്ച അവസരം തുടങ്ങിയവ പരിശോധിച്ചശേഷമാണ് വിദേശ ഉത്തരവിന് ഇന്ത്യയിൽ അംഗീകാരം നൽകാനാകുക.
വിദേശത്ത് ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന ഇന്ത്യൻ ദമ്പതികൾക്ക് ഏറെ പ്രാധാന്യമുള്ളതാണ് സുപ്രീം കോടതിയുടെ ഈ വിധി.