2026 ഒക്ടോബര്‍ 31 | ശനി
1202 തുലാം 14 | തിരുവാതിര, പുണര്‍തം
◾ സര്‍ക്കാര്‍ അറിയാതെ എക്സൈസ് ഉദ്യോഗസ്ഥര്‍ മൂന്നു ബാറുകള്‍ക്കു ലൈസന്‍സ് നല്കി. മദ്യനയം പ്രഖ്യാപിച്ചശേഷം ബാര്‍ ലൈസന്‍സ് മതിയെന്ന നിര്‍ദേശം മറികടന്നാണ് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ ലൈസന്‍സ് നല്‍കിയതെന്ന് എക്സൈസ് മന്ത്രി എം. ലിജു. എറണാകുളം, കോട്ടയം ഡെപ്യൂട്ടി കമ്മീഷണര്‍മാരായ പി.കെ സതീഷ്, പി.എല്‍ ഷിബു എന്നിവരെ സസ്പെന്‍ഡു ചെയ്തു.
◾ പിഎസ് സി പരീക്ഷാ തട്ടിപ്പില്‍ ഒളിവിലായിരുന്ന അഡീഷണല്‍ സെക്രട്ടറി ആര് ഹരി അറസ്റ്റില്‍. കോയമ്പത്തൂരിലെ ഈശാ യോഗ കേന്ദ്രത്തില്‍ ഒളിവിലായിരുന്ന ഹരി എറണാകുളത്തെ ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് അറസ്റ്റു ചെയ്തത്. ക്രമക്കേട് നടന്ന ആസൂത്രണ ബോര്‍ഡ് പരീക്ഷയുടെ മൂല്യനിര്‍ണ്ണയച്ചുമതല ഹരിക്കായിരുന്നു. ഹരിക്കൊപ്പം മൂല്യനിര്‍ണ്ണയ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന പി സതീഷിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ചെയര്മാന് എം.ആര് ബൈജുവിന്റെ വലംകൈയാണ് ഹരി. ചെയര്‍മാനും ഹരിയും ചേര്‍ന്ന് പല ക്രമക്കേടുകളും നടത്തിയെന്ന് കമ്മീഷനിലെ ചില അംഗങ്ങള്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. പിഎസ് സി സെക്രട്ടറിയെ ഇന്നു ചോദ്യം ചെയ്യും.
◾ മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞുനിന്ന് മുദ്രാവാക്യം മുഴക്കി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ പ്രസംഗം തടസപ്പെടുത്തി. മന്ത്രി പ്രസംഗം നിര്‍ത്തി വേദിവിട്ടിറങ്ങിപ്പോയി. കാലടി സര്‍വകലാശാലയില്‍ വിസിക്കെതിരേ ശവപ്പെട്ടി സമരവും അതിക്രമവും നടത്തിയതിന് 16 എസ്എഫ്ഐ പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികള്‍ മന്ത്രിയെ സ്റ്റേജില്‍ വളഞ്ഞ് പ്രസംഗം തടസപ്പെടുത്തിയത്. ഔദ്യോഗിക പരിപാടി തടസപ്പെടുത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
*പുളിമൂട്ടിൽ സിൽക്സിൽ ‘തൃശ്ശൂർ BIG SALE’*
തിരഞ്ഞെടുത്ത വസ്ത്രശേഖരങ്ങൾക്ക് 70% വരെ വിലക്കുറവാണ് ബിഗ് സെയിലിന്റെ പ്രധാന ആകർഷണം. സാരികൾ, ലേഡീസ് വെയർ, റെഡിമെയ്ഡ്സ്, ജെന്റ്സ് വെയർ, കിഡ്സ് വെയർ, റണ്ണിങ് മെറ്റീരിയൽസ്, ഹോം ലിനൻ തുടങ്ങി കുടുംബത്തിലെ എല്ലാവർക്കുമുള്ള വിപുലമായ വസ്ത്രശേഖരമാണ് സെയിലിനായി ഒരുക്കിയിരിക്കുന്നത്.വിവാഹം, ആഘോഷങ്ങൾ, ഉത്സവങ്ങൾ തുടങ്ങി വരാനിരിക്കുന്ന വിശേഷാവസരങ്ങൾക്കായുള്ള ഷോപ്പിങ്ങിനും ദൈനംദിന ഉപയോഗത്തിനുമുള്ള വൈവിധ്യമാർന്ന കളക്ഷനുകൾ പ്രത്യേക വിലക്കുറവിൽ തിരഞ്ഞെടുക്കാം
◾ കിഫ്ബി 12,240 കോടി രൂപ ചെലവഴിച്ച് കണ്ണൂര്‍ ജില്ലയില്‍ 4896 ഏക്കര്‍ ഭൂമി വാങ്ങിയതില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിറങ്ങി. ഭൂമി വാങ്ങാന്‍ അനുമതി നല്കിയ നടപടിക്രമങ്ങളിലെ വീഴ്ചയാണ് വിജിലന്‍സ് ആദ്യം പരിശോധിക്കുക.
◾ സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ 2004.3 പോയിന്റുമായി തിരുവനന്തപുരം ജില്ല മുന്നില്‍. 951.3 പോയിന്റുമായി തൃശൂര്‍ രണ്ടാം സ്ഥാനത്തും 887.3 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തുമുണ്ട്. കണ്ണൂരും കോഴിക്കോടുമാണു നാലും അഞ്ചും സ്ഥാനങ്ങളില്‍. അത്ലറ്റിക്സില് 168.333 പോയിന്റോടെ മലപ്പുറമാണ് മുന്നില്‍. 128.5 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തും 88 പോയിന്റോടെ തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമാണ്.
◾ സ്വകാര്യ ബസുടമകള്‍ സമരം പിന്‍വലിച്ചു. ഗതാഗത വകുപ്പ് മന്ത്രി സി പി ജോണുമായി നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് സമരം പിന്‍വലിച്ചത്. സ്വകാര്യ ബസുകളെ കെഎസ്ആര്‍ടിസി വാടകയ്ക്കെടുക്കാനും, പത്മകുമാര്‍ കമ്മീഷന് റിപ്പോര്‍ട്ട് നിയമായനുസൃതമായി നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്. ബസ് ചാര്‍ജ് വര്‍ധന, വിദ്യാര്‍ത്ഥി യാത്രാ നിരക്ക് വര്‍ധിപ്പിക്കല്‍ എന്നിവയില്‍ തത്കാലം തീരുമാനമടുക്കാന്‍ കഴിയില്ലെന്നു മന്ത്രി ബസുടമകളെ അറിയിച്ചു.
◾ ശബരിമലയില്‍ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് എത്തുന്ന ഭക്തര്‍ക്കായി എല്‍ഐസി വഴി പുതിയ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ അറിയിച്ചു. തീര്‍ത്ഥാടന സമയത്ത് ശബരിമലയില്‍ മരിച്ചാല്‍ കുടുംബാംഗങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഇതിനുള്ള പ്രീമിയം തുക ദേവസ്വം ബോര്‍ഡ് അടയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
◾ കൊല്ലം - കോട്ടയം മെമു ട്രെയിന്‍ സര്‍വീസ് എറണാകുളത്തേക്ക് നീട്ടി. കോട്ടയം - എറണാകുളം റൂട്ടില്‍ ദിവസവും യാത്ര ചെയ്യുന്ന നൂറുകണക്കിന് യാത്രക്കാര്‍ക്ക് ആശ്വാസമേകും.
◾ മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്രിമിനലുകളെ പോലെയാണ് പെരുമാറിയതെന്ന് വി.ഡി. സതീശന്. വിദ്യാര്‍ത്ഥികളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബിരുദദാന ചടങ്ങാണ് അവര്‍ അലങ്കോലമാക്കിയത്. ക്യാമ്പസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ചടങ്ങ് അലങ്കോലമാക്കിയവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് വി.ഡി. സതീശന്.
◾ മഹാരാജാസ് കോളജില്‍ ബിരുദം ഏറ്റുവാങ്ങാന്‍ എത്തിയ നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ മുഹൂര്‍ത്തത്തെ രാഷ്ട്രീയ ദുഷ്ടലാക്കോടെ എസ്എഫ്ഐ അലങ്കോലമാക്കിയെന്നു മന്ത്രി റോജി എം ജോണ്‍ ഫേസ് ബുക്കില്‍ കുറിച്ചു. 'സഖാവേ ഒരു ചോദ്യം'' എന്ന് സദസ്സില്‍നിന്ന് ഒരു പാര്ട്ടിക്കാരന് പറഞ്ഞപ്പോള്‍ അതങ്ങ് വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്ന അധികാരത്തിന്റെ അഹങ്കാരം ഞാന്‍ ആ വേദിയില്‍ കാണിച്ചില്ലെന്നും അദ്ദേഹം കുറിച്ചു.
◾ മഹാരാജാസ് കോളേജില്‍ അതിക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന അച്ചടക്ക വേണമെന്ന് എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ആന്‍ സെബാസ്റ്റ്യന്‍. വിദ്യാര്‍ഥികള്‍ക്കെതിരെയും പ്രതിഷേധത്തിന് പ്രേരിപ്പിച്ചവര്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ട് ആന്‍ സെബാസ്റ്റ്യന്‍ മഹാരാജാസ് പ്രിന്‍സിപ്പാലിന് കത്തയച്ചു.
◾ കാലടി സര്‍വകലാശാലയില്‍ വിസിക്കെതിരേ പ്രതിഷേധിച്ചതിനു സസ്പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ ഹൈക്കോടതി അനുമതി നല്കി. വിദ്യാര്‍ഥികള്‍ക്ക് ഇന്നു തന്നെ പരീക്ഷാ ഫീസ് അടയ്ക്കാം.
◾ സൈബര്‍ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാനും ഡിജിറ്റല്‍ സുരക്ഷയെക്കുറിച്ച് അവബോധം വളര്‍ത്താനും ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തില്‍ കേരള പൊലീസ് നടപ്പാക്കുന്ന 'ക്ലിക്ക്' പ്രചാരണത്തിന് ഇന്ന് തുടക്കമാകും. അടുത്ത വര്‍ഷത്തോടെ സമ്പൂര്‍ണ സൈബര്‍ റെസിലിയന്റ് കേരളം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്ന് രാവിലെ 10.30 ന് കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
◾ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്. നിലവിലെ വിദഗ്ധ സമിതിയെ റദ്ദാക്കിയ കോടതി, നിഷ്പക്ഷരായ അംഗങ്ങളെ ഉള്‍പ്പെടുത്തി പുതിയ സ്വതന്ത്ര സമിതി രൂപീകരിക്കാനും നിര്‍ദേശിച്ചു. സമിതിയുടെ ഘടന നിഷ്പക്ഷമല്ലെന്നു കോടതി നിരീക്ഷിച്ചു.
◾ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ സംഘര്‍ഷമുണ്ടാക്കിയ യുഡിഎസ്എഫ്, എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. യുഡിഎസ്എഫ് പ്രവര്‍ത്തകരായ എടപ്പാള്‍ സ്വദേശി ഷറഫുദ്ദീന് പി., മുഹമ്മദ് ഫുഹാദ് കെ. പി., എസ്എഫ്ഐ പ്രവര്‍ത്തകനായ പെരുവള്ളൂര്‍ സ്വദേശി മുഹമ്മദ് മിദ്ലാജ് എന്നിവരാണ് അറസ്റ്റിലായത്.
◾ തിരുവനന്തപുരം വാമനപുരത്തിന് സമീപം തെരുവുനായയെ വിഷം നല്കി കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ മധ്യവയസ്കനെതിരെ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു. ആനാകുടി ഊന്നന്‍പാറ സ്വദേശി രജിനെതിരെയാണ് (58) കേസ്. വിഷയത്തില്‍ മുന്‍ കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ ഇടപെട്ടിരുന്നു.
◾ വയനാട് മീനങ്ങാടി സ്കൂള്‍ വിനോദയാത്രാ സംഘത്തിലെ പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന് മദ്യപിച്ചിരുന്നില്ലെന്നു രക്തപരിശോധന ഫലം. അപവാദ പ്രചാരണംമൂലം അനുഭവിച്ച മാനസിക പ്രയാസത്തിനും കുടുംബത്തിനുണ്ടായ അപമാനത്തിനും ആരു മറുപടി പറയുമെന്നും പ്രിന്‍സിപ്പല്‍ ചോദിച്ചു. ചില കുട്ടികള്‍ അപക്വമായ ഇടപെടലുകള്‍ നടത്തി. ആ കുഞ്ഞുങ്ങളെ കുറ്റപ്പെടുത്തുന്നില്ല. സ്കൂളിന് മുന്പില് പ്രതിഷേധവുമായി എത്തിയ ആള്‍ക്കൂട്ടത്തില്‍ ഒരു കുട്ടിയുടെ രക്ഷിതാവു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം പറഞ്ഞു.
◾ മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി രണ്ടു വര്‍ഷത്തിനു ശേഷം പിടിയില്‍. തൃശൂര്‍ തലപ്പിള്ളി പൈങ്കുളം സ്വദേശി രാഗേഷ് (ജുമാഞ്ചി 32)നെയാണ് നെടുമ്പാശേരി പൊലീസ് ഹിമാചല്‍ പ്രദേശിലെ കുളുവില്‍നിന്ന് പിടികൂടിയത്. 2024 ജൂണ്‍ 27-ന് ബെംഗളൂരുവില്‍ നിന്ന് കാറില്‍ കടത്തുകയായിരുന്ന 316 ഗ്രാം എംഡിഎംഎ, 2 എല്എസ്ടിഡി സ്റ്റാമ്പ് , 420 ഗ്രാം കഞ്ചാവ് എന്നിവ അത്താണിയില്‍ വച്ച് പിടികൂടിയിരുന്നു.
◾ ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ പൊലീസ് വിവരമറിയിക്കാന്‍ വൈകിയെന്നും അതിനിടയില്‍ ജഡ്ജി തെളിവ് നശിപ്പിച്ചെന്നും മുഖ്യമന്ത്രി വി.ഡി. സതീശനോട് പരാതി പറഞ്ഞ് ജയബാലകൃഷ്ണന്റെ കുടുംബം. ജയബാലകൃഷ്ണന്റെ കുടുംബത്തെ ചിറ്റൂരിലെ വീട്ടിലെത്തി മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. ഹൈബി ഈഡന് എംപിയും ഒപ്പമുണ്ടായിരുന്നു.
◾ സംസ്ഥാന പ്ലാനിങ് ബോര്‍ഡില്‍ വനിതാ അംഗത്തെ നിയമിക്കണമെന്ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ മുഖ്യമന്ത്രി വി ഡി സതീശന് കത്തയച്ചു. നിലവിലെ പ്ലാനിങ് ബോര്‍ഡിലെ അഞ്ച് അംഗങ്ങളും പുരുഷന്മാരാണെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്.
◾ കോഴിക്കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ നിപ രോഗികള്‍ക്കു കാലഹരണപ്പെട്ട റെംഡിസൈവിര് മരുന്നാണു നല്‍കിയതെന്ന് ആരോപണം ഉന്നയിച്ച ആരോഗ്യമന്ത്രി കെ. മുരളീധരന് മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ആരോഗ്യമന്ത്രി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മസമര്‍പ്പണത്തെയാണ് മന്ത്രി ചോദ്യം ചെയ്തത്. പിണറായി പറഞ്ഞു.
◾ സാമ്പത്തിക തിരിമറി കേസില്‍ ക്രൈംബ്രാഞ്ച് ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത ബി എല്‍ എം സ്ഥാപക ചെയര്മാന് പ്രേംകുമാറിന് ജാമ്യം. നടപടി ക്രമങ്ങള്‍ പാലിക്കാതെ അറസ്റ്റു ചെയ്തെന്നു ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം നല്‍കിയത്.
◾ എഡിജിപി പി വിജയന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി കേരള പൊലീസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് 1931 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒക്ടോബര്‍ 29 വൈകുന്നേരം നാല് മണി മുതല്‍ ഒക്ടോബര്‍ 30 രാവിലെ 8 മണി വരെയാണ് പരിശോധനകള്‍ നടന്നത്.
◾ സ്കൂള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ നടത്തിയ പ്രത്യേക വാഹന പരിശോധനയില്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന് 21 ഡ്രൈവര്‍മാര്‍ പിടിയിലായി. സംസ്ഥാനത്തൊട്ടാകെ 4504 സ്കൂള്‍ ബസുകളാണ് പരിശോധിച്ചത്.
◾ ഐഎസ്ആര്‍ഒയുടെ ജിഎസ്എല്‍വി എഫ് 18 ദൗത്യം വിജയം. ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് രാത്രി 11:51 നായിരുന്നു വിക്ഷേപണം. നിര്‍ണായക ഭൗമനിരീക്ഷണ ഉപഗ്രഹമായ എന്‍വിഎസ് 03 ആണ് വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചത്. ഇന്ത്യയുടെ നാവിഗേഷന്‍ ഉപഗ്രഹ ശൃംഖലയായ നാവിക്കിനെ പുനരുജ്ജീവിപ്പിക്കാനുള്ള ദൗത്യമാണിത്.
◾ സെന്‍സസ് 2027 ജനസംഖ്യ കണക്കെടുപ്പ് ജനുവരി 25 ന് തുടങ്ങും. ജനുവരി 10 മുതല്‍ ഓണ്‍ലൈനായി വിവരങ്ങള്‍ നല്‍കാം. വീടുകള്‍ കയറിയുള്ള കണക്കെടുപ്പ് ഫെബ്രുവരി 28 വരെയാണ്. പേപ്പര്‍ ഫോമുകള്‍ക്ക് പകരം പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയായിരിക്കും വിവരങ്ങള്‍ ശേഖരിക്കുക.
◾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യ സഖ്യത്തിന്റെ ജനകീയ കുറ്റവിചാരണ പ്രതികൂല കാലാവസ്ഥമൂലം ഇന്നത്തേക്കു മാറ്റി. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്.
◾ ജനകീയ കുറ്റവിചാരണ മാറ്റിവച്ചതിന് കാരണം കാലാവസ്ഥയല്ല, മുന്നണിക്കുള്ളിലെ ഐക്യമില്ലായ്മയാണെന്ന് ബിജെപി. പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ച പല പാര്‍ട്ടികളും പിന്മാറിയതാണ് പരിപാടി മാറ്റാന്‍ കാരണമെന്നും ബി ജെ പി ദേശീയ വക്താവ് സമ്പീത് പത്ര അഭിപ്രായപ്പെട്ടു.
◾ യുവാക്കള്‍ രാജ്യത്തെ വികസിത രാഷ്ട്രമാക്കാനുള്ള ശ്രമത്തിലാണെന്നും പ്രതിപക്ഷത്തെ ചിലര്‍ക്കത് ഇഷ്ടപ്പെടുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ബനസ്കന്തയിലെ റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞു. രാജ്യം പ്രതിസന്ധിയിലാകുന്നതിന് ആഗ്രഹിക്കുന്നവരാണ് അവരെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
◾ ഹൂതി ഭീകരരുടെ ആക്രമണംമൂലം സൗദിയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനകമ്പനികള്‍ നവംബര്‍ 14 വരെ റദ്ദാക്കി. റിയാദ്, ജിദ്ദ, ദമാം എന്നീ നഗരങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.
◾ ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപം ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് പൈലറ്റ് ഉള്‍പെടെ ആറു പേര് മരിച്ചു. ബദരീനാഥില്‍ നിന്ന് ഫാറ്റയിലേക്ക് ചാര്‍ധം തീര്‍ത്ഥ യാത്രയ്ക്കു പറന്ന ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്. കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ അരുണ്‍ സോളങ്കി, എച്ച് എസ് നടരാജ, പ്രതാപ് ഗൗഡ, അഡ്വ. സുധീപ്, ശങ്കര്‍ ഗൗഡ എന്നിവരാണ് മരിച്ചത്.
◾ തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രായപരിധിയില്‍ അഞ്ച് വര്‍ഷത്തെ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്. ഈ ഇളവ് അടുത്ത അഞ്ച് വര്‍ഷത്തേക്ക് പ്രാബല്യത്തിലുണ്ടാകും.
◾ ബെംഗളൂരു മുംബൈ വന്ദേഭാരത് സ്ലീപ്പര്‍ ഉദ്ഘാടന സര്‍വീസ് നാളെ ഉച്ചയ്ക്ക് 12.15ന് ബംഗളുരുവില്‍ നിന്ന് പുറപ്പെടും. പ്രതിദിന സര്‍വീസ് നവംബര്‍ രണ്ടു മുതല്‍ മുംബൈയില്‍ നിന്ന് രാത്രി 8.10 ന് പുറപ്പെടും. അടുത്ത ദിവസം ഉച്ചയ്ക്ക് 12ന് ബംഗളുരുവില്‍ എത്തും. ബെംഗളുരു മുംബൈ ട്രെയിന്‍ രാത്രി 7.45ന് പുറപ്പെടും.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയേതര പ്രസംഗങ്ങള്‍ മികച്ചതാണെന്ന് പ്രശംസിച്ച് ഉദ്ധവ് താക്കറെ വിഭാഗം ശിവസേന എംപി സഞ്ജയ് റൗത്ത്. അയോധ്യയില്‍ വെച്ച് ശ്രീരാമ ദര്‍ശനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം ഇത്തരത്തിലുള്ള ഒന്നായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
◾ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി സംഘടനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബിജെപി പുതിയ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി പ്രഖ്യാപിച്ചു. റെസ്ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ മുന്‍ അധ്യക്ഷനും മുന്‍ എംപിയുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെ പുതിയ എക്സിക്യൂട്ടീവ് സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
◾ ന്യായാധിപന്മാരെ ലക്ഷ്യംവെച്ചുകൊണ്ടുള്ള പൊതുയോഗങ്ങള്‍ക്ക് പോലീസ് അനുമതി നല്‍കരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ജഡ്ജിമാരെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായാല്‍ യോഗങ്ങള്‍ ഉടന്‍ നിര്‍ത്തിവെപ്പിക്കാനും സംഘാടകര്‍ക്കെതിരെ നടപടിയെടുക്കാനും കോടതി നിര്‍ദ്ദേശിച്ചു.
◾ ടൈഗര്‍ ഷ്റോഫിനെതിരേ വെടിവയ്പു നടത്തിയത് ലോറന്‍സ് ബിഷ്ണോയി സംഘത്തിന് അധോലോക ആധിപത്യം സ്ഥാപിക്കാനെന്ന് പോലീസ്. ബോളിവുഡിലെ ഏതെങ്കിലും ഒരു നടനെ അപായപ്പെടുത്തി ഭീതി പടര്‍ത്തുകയായിരുന്നു ലക്ഷ്യം. ആമിര്‍ ഖാനെയും സല്മാന് ഖാനെയുമെല്ലാം ആദ്യം ലക്ഷ്യമിട്ടിരുന്നു. ആക്രമണത്തിനായി മൂന്ന് ഹിറ്റ് സ്ക്വാഡുകളെ നിയോഗിച്ചിരുന്നു. എട്ടുമാസത്തിലേറെ ആസൂത്രണം നടത്തി. അനില്‍ പണ്ഡിറ്റാണു മുഖ്യസൂത്രധാരന്‍. കേസില്‍ ഒരാളെ കൂടി ഹരിയാനയില്‍നിന്ന് അറസ്റ്റ് ചെയ്തു.
◾ വടക്കുപടിഞ്ഞാറന്‍ ഭൂട്ടാനിലെ ഗാസ ജില്ലയിലുള്ള ഷിന്റാഫു ഹിമതടാകം തകര്‍ന്ന് വന്‍ മിന്നല്‍പ്രളയം. ഗാസ ജില്ലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗാസ ത്ഷാച്ചു പ്രകൃതിദത്ത ചൂടുനീരുറവയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായും ഒലിച്ചുപോയി.
◾ യുദ്ധ സമാനമായ സാഹചര്യങ്ങള്‍ മൂലം സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സിംഗപ്പൂരിനും ദുബായിക്കുമിടയിലുള്ള വിമാന സര്‍വീസുകള്‍ 2027 ഫെബ്രുവരി 28 വരെ റദ്ദാക്കി.
◾ പ്രശസ്ത നടന് സര് പാട്രിക് സ്റ്റുവാര്‍ട്ട് അന്തരിച്ചു. 86 വയസ്സായിരുന്നു. അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ വച്ച് ഒക്ടോബര്‍ 28നായിരുന്നു മരണം.
◾ 23 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള സി.കെ. നായിഡു ട്രോഫിയില്‍ കേരളവും വിദര്‍ഭയുമായുള്ള മത്സരം സമനിലയില്‍. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ കേരളം മൂന്ന് വിക്കറ്റിന് 171 റണ്‍സെടുത്ത് നില്‍ക്കെ കളി അവസാനിക്കുകയായിരുന്നു. നേരത്തെ ആറ് വിക്കറ്റിന് 216 റണ്‍സെന്ന നിലയില്‍ വിദര്‍ഭ രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തിരുന്നു. ആദ്യ ഇന്നിങ്സില്‍ വിദര്‍ഭ 411-ഉം കേരളം 265-ഉം റണ്‍സായിരുന്നു നേടിയത്.
◾ രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരായ മത്സരത്തിനുള്ള കേരള ടീമിന് വിഷ്ണു വിനോദ് ക്യാപ്റ്റന്‍. ഫാസ്റ്റ് ബൗളര്‍ കെ എം ആസിഫിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നവംബര്‍ 2 മുതല്‍ 5 വരെയാണ് മത്സരം.
◾ ന്യൂസിലന്‍ഡിനെതിരായ നാലാം ടി20 യില്‍ ഇന്ത്യക്ക് തോല്‍വി. ഓക്ലന്‍ഡ്, ഈഡന് പാര്‍ക്കില്‍ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 87 റണ്‍സിനാണ് പരാജയപ്പെട്ടത്. നാല് വിക്കറ്റ് നേടിയ ജേക്കബ് ഡഫിയാണ് ഇന്ത്യയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 49 പന്തില്‍ 107 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്സിന്റെയും 25 പന്തില്‍ 65 റണ്‍സെടുത്ത മൈക്കല്‍ ബ്രേസ്വെല്ലിന്റേയും കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സാണ് നേടിയത്.
◾ ഗോള്‍ഡ് ബോണ്ട് 2019-20 സീരീസ് VIന്റെ തിരികെയെടുക്കല്‍ തുക റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. എട്ടു വര്‍ഷമെന്ന കാലാവധിയെത്തും മുന്‍പ് ബോണ്ടുകള്‍ തിരികെ നല്കുന്ന നിക്ഷേപകര്‍ക്ക് ഗ്രാമിന് 14,213 രൂപയാണ് ആര്.ബി.ഐ. നിശ്ചയിച്ചിരിക്കുന്ന വില. നിബന്ധനകള്‍ അനുസരിച്ച്, ബോണ്ട് പുറപ്പെടുവിച്ച തീയതി മുതല്‍ (2019 ഒക്ടോബര്‍ 30) അഞ്ചു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ വേണമെങ്കില്‍ തിരികെയെടുക്കാം. എട്ടു വര്‍ഷമാണ് ഗോള്‍ഡ് ബോണ്ടിന്റെ മുഴുവന്‍ കാലാവധി. സ്വര്‍ണവിലയിലുണ്ടാകുന്ന വര്‍ധനവിനു പുറമേ 2.5 ശതമാനം വാര്‍ഷിക പലിശയും ഗോള്‍ഡ് ബോണ്ടുകള്‍ക്ക് ലഭിക്കും. ആറു മാസത്തിലൊരിക്കല്‍ ഈ പലിശ നിക്ഷേപകരുടെ അക്കൗണ്ടിലേക്ക് വരവുവെക്കുകയാണ് ചെയ്യുന്നത്. 2019-20 സീരീസ് VIന്റെ കാര്യത്തില്‍, ബോണ്ടിന്റെ ആരംഭ മൂല്യമായ ഗ്രാമിന് 3,835 രൂപ എന്ന നിരക്കിലാണ് പലിശ കണക്കാക്കുന്നത്.
◾ ലോകത്തിലെ ഏറ്റവും മൂല്യമുള്ള അഞ്ചാമത്തെ ലിസ്റ്റഡ് ടെലികോം കമ്പനിയായി ജിയോ പ്ലാറ്റ്ഫോംസ് മാറി. ഏഷ്യയിലെ രണ്ടാമത്തെ വലിയ കമ്പനിയായും ജിയോ ഉയര്‍ന്നു. ഏഷ്യന്‍ വിപണിയില്‍ ചൈന മൊബൈലിന് തൊട്ടുപിന്നിലാണ് ജിയോയുടെ സ്ഥാനം. ബ്ലൂംബെര്‍ഗിന്റെ കണക്കുപ്രകാരം 13,700 കോടി ഡോളറാണ് ജിയോ പ്ലാറ്റ്ഫോംസിന്റെ വിപണിമൂല്യം. 22,000 കോടി ഡോളര്‍ മൂല്യമുള്ള ചൈന മൊബൈലിന് തൊട്ടുപിന്നിലായി ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ലിസ്റ്റഡ് ടെലികോം കമ്പനിയാണ് ജിയോ പ്ലാറ്റ്ഫോംസ്. രാജ്യത്തെ മൊത്തം കമ്പനികളുടെ പട്ടികയെടുത്താല്‍ വിപണിമൂല്യത്തില്‍ രണ്ടാമത്തെ വലിയ കമ്പനിയാണ് ജിയോ. 15.62 ലക്ഷം കോടി രൂപ മൂല്യമുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് ഒന്നാമത്. മൂന്നാമതുള്ള ഭാരതി എയര്‍ടെലിന്റെ മൂല്യമാകട്ടെ 12.16 ലക്ഷം കോടി രൂപയുമാണ്. 10.57 ലക്ഷം കോടിയുമായി എച്ച്.ഡി.എഫ്.സി. ബാങ്ക് നാലാമതുമാണ്.
◾ മോഹന്‍ലാല്‍, അനൂപ് സത്യന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ജലഛായ ചിത്രത്തിന്റെ ഫീലിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. രണ്ടു പെണ്‍കുട്ടികള്‍ക്കൊപ്പം പുഞ്ചിരിയോടെ ഇരിക്കുന്ന മോഹന്‍ലാല്‍, വിശാലമായ കടലും കായലും ചേരുന്ന ഭൂപ്രകൃതിയാണ് കഥാപാത്രങ്ങള്‍ക്ക് പശ്ചാത്തലമാകുന്നത്. പല നിറത്തിലുള്ള സഡാക്കോ കൊക്കുകള്‍ ഉണ്ടാക്കുന്ന ഒരു പെണ്‍കുട്ടിയും മോഹന്‍ലാലിനോട് ആംഗ്യഭാഷയില്‍ 'ഐ ലവ് യു' എന്നു കാണിക്കുന്ന പെണ്‍കുട്ടിയേയും പോസ്റ്ററില്‍ കാണാം. മോഹന്‍ലാലും 'ഐ ലവ് യു' എന്ന് കാണിക്കുന്നുണ്ട്. കട്ടിത്താടിയും മീശയുമുള്ള ലുക്കിലാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 'എല്‍ 368' എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. ചിത്രം ഒരു കോമഡി ആക്ഷന്‍ ത്രില്ലറാകും എന്നാണ് സൂചന. ചിത്രത്തിന്റെ കഥയും തിരക്കഥയും അനൂപ് തന്നെയാണ്.
◾ ചലച്ചിത്ര നിര്‍മ്മാതാവായും സംഗീത സംവിധായകനായും മലയാള സിനിമാ രംഗത്ത് ശ്രദ്ധേയനായ രാജേഷ് ബാബു കെ ശൂരനാട് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് 'എന്നും'. ഏറെ പുതുമകളുണര്ത്തുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടു. വിഷ്ണു ഉണ്ണികൃഷ്ണനും പൂജയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'എന്നും' എന്ന ചിത്രത്തില്‍ മുന്ന സൈമണ്‍, സുധീഷ്, ലാലി പി എം, സോഹന്‍ സീനുലാല്‍, കൈലാഷ്, ഡയാന ഹമീദ്, നവാസ് വള്ളിക്കുന്ന്, അനീഷ് രവി, അന്‍സില്‍ റഹ്മാന്, ഷനൂപ്, പ്രണവ് മോഹന്‍, ശ്രുതി വൈശാഖ്, നൈറ നിഹാര്‍, അനശ്വര, നിധിഷ കരുണന് എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രത്തിന് വേണ്ടി കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, പി കെ ഗോപി, മിത്രന് വിശ്വനാഥ്, സുധി, അലി എന്നിവര്‍ ഗാനങ്ങള്‍ രചിക്കുന്നു. വളരെ വ്യത്യസ്തമായ ഒരു സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
◾ കെടിഎം ഡ്യൂക്കിന്റെ ഏറ്റവും പുതിയ മോഡല്‍ 200 ഡ്യൂക്ക് ഇന്ത്യന്‍ വിപണിയിലിറക്കി. ഡല്‍ഹിയില്‍ 2.07 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. പുതിയ റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, ക്വിക്ഷിഫ്റ്റര്, ട്രാക്ഷന്‍ കണ്ട്രോള്, ക്രോള്‍ അസിസ്റ്റ് എന്നിങ്ങനെ പുതിയ ഫീച്ചറുകളും ഇതിലുണ്ട്. മുന്‍ മോഡലിനെ അപേക്ഷിച്ച് പുതുക്കിയ പതിപ്പിന് ഏകദേശം 1,552 രൂപ കൂടുതലാണ്. പുതിയ കളര്‍ ഓപ്ഷനുകള്‍, അത്യാധുനിക ഫീച്ചറുകള്‍, മെച്ചപ്പെടുത്തിയ ഹാര്ഡ്വെയര്, പുതിയ ഡിസ്പ്ലേ എന്നീ മാറ്റങ്ങള്‍ പുതിയ 200 ഡ്യൂക്കില്‍ കാണാം. 24.7 ബിഎച്ച്പി പവര്‍ നല്കുന്ന അതേ എന്ജിന് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഫീച്ചറുകളിലെയും ഘടനയിലെയും മാറ്റങ്ങള്‍ക്ക് പുറമെ, 'ലിക്വിഡ്-കാര്‍ബണ്‍' പൂര്‍ണ്ണമായും കറുത്ത നിറം എന്നിങ്ങനെ രണ്ട് പുതിയ കളര്‍ ഓപ്ഷനുകളും ഇതില്‍ ലഭ്യമാണ്. ബൈക്കിന്റെ മെക്കാനിക്കല്‍ വശങ്ങളില് മാറ്റങ്ങളൊന്നുമില്ല.
◾ മനുഷ്യന് കാണാന്‍ കഴിയാത്തത്ര വിശാലമായ കാട്ടിലെ പക്ഷികളുടെ പാട്ടുകളും മൃഗങ്ങളുടെ ശബ്ദങ്ങളും ചേര്‍ന്ന ജീവലോകത്തേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുപോകുകയാണ് ഈ പുസ്തകം. അവരുടെ സംസാരവും സൗഹൃദവും ഇണക്കങ്ങളും പിണക്കങ്ങളും ശത്രുതയും അപകടങ്ങളും കൂട്ടായ്മയുടെ ഭാഷയില്‍ അവതരിപ്പിക്കുന്ന കൃതി അവരുടെ ജീവിതത്തിലെ ചെറിയ സംഭവങ്ങള്‍പോലും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. നാട് കണ്ട കുട്ടിക്കൊമ്പന്, കുങ്ങന്കുരങ്ങനും തേന്‍ പാത്രവും, മിന്നുമുയല് പൊന്നുമുയല്, അമര്‍ ആമയുടെ പുഴയാത്ര തുടങ്ങിയ കഥകള്‍ ഉള്‍ക്കൊള്ളുന്ന സമാഹാരം. 'കാട്ടിലെ കൂട്ടുകാര്‍ ജയ് ജയ്'. സി എന്‍ ചേന്ദമംഗലം. ഗ്രീന്‍ ബുക്സ്. വില 104 രൂപ.
◾ അമിതവണ്ണവും അര്‍ബുദവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന പഠനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചെറുപ്പത്തിലേ അമിതവണ്ണമുണ്ടായാല് അര്‍ബുദസാധ്യത കൂടുതലാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഉയര്‍ന്ന ബി.എം.ഐയും അടിവയറിലെ അമിതവണ്ണവും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു. 'ആനല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്' എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിനുപിന്നില്‍. 20 നും 39 നും ഇടയില്‍ പ്രായമുള്ള 64 ലക്ഷത്തിലധികം പേരുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. 11 വര്‍ഷത്തെ പഠനകാലയളവില്‍ സാധാരണ ഭാരമുള്ളവരില്‍ കാന്‍സര്‍ സാധ്യത 1.84 ശതമാനമായിരുന്നെങ്കില്‍ അമിതവണ്ണം ഉള്ളവരില്‍ ഇതിന്റെ തോത് 2.62 ആണെന്ന് ഗവേഷകര്‍ കണ്ടെത്തി. അടിവയറില്‍ കൊഴുപ്പടിയുന്നതാണ് ഏറ്റവും അപകടകരമായ സാഹചര്യമെന്നും ഗവേഷകര്‍ കണക്കാക്കുന്നു. അമിതവണ്ണത്തിന് അനുസരിച്ച് തൈറോയ്ഡ്, എന്‍ഡോമെട്രിയല്‍, ഒവേറിയന്‍ കാന്‍സറുകള്‍ക്കുള്ള സാധ്യത കൂടുന്നു. മെറ്റബോളിസത്തിലുണ്ടാകുന്ന തകരാറുകള്‍, ഇന്‍സുലിന്‍ നിലയിലെ വ്യതിയാനം, വിട്ടുമാറാത്ത വീക്കം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥകള്‍ തുടങ്ങിയവയാണ് കാന്‍സറിനു കാരണമാകുന്ന ഘടകങ്ങളായി കണക്കാക്കുന്നത്. അമിതവണ്ണം പോലെ മാറ്റംവരുത്താവുന്ന അപകടസാധ്യതാ ഘടകങ്ങളെ നേരത്തേ പ്രതിരോധിച്ച് കാന്‍സര്‍ സാധ്യത കുറയ്ക്കാമെന്നും സൂചിപ്പിക്കുകയാണ് ഗവേഷകര്‍.
*ശുഭദിനം*
*കവിത കണ്ണന്*
രാജകുമാരിയായിരുന്നിട്ടും കൊട്ടാരത്തിലെ സുഖസൗകര്യങ്ങളൊന്നും വേണ്ടെന്ന് വെച്ച് സാധാരണക്കാരിയായി ജീവിക്കാന്‍ ആഗ്രഹിച്ചവളായിരുന്നു അവള്. മകളുടെ ആഗ്രഹം മാനിച്ച രാജാവ്, ലളിതജീവിതം നയിച്ചിരുന്ന ഒരു ദരിദ്രനുമായി അവളുടെ വിവാഹം നടത്തി. അവള് സന്തോഷത്തോടെ പുതിയ ജീവിതം ആരംഭിച്ചു. ഒരു ദിവസം മുറി വൃത്തിയാക്കുന്നതിനിടെ പാത്രത്തിനുള്ളില്‍ റൊട്ടി സൂക്ഷിച്ചുവെച്ചിരിക്കുന്നത് അവള് കണ്ടു. ''ഇതെന്തിനാണ് മാറ്റിവെച്ചിരിക്കുന്നത്?'' ''നാളേക്ക് വേണ്ടിയാണ്. നാളെ ഭക്ഷണം കിട്ടിയില്ലെങ്കിലോ?'' ഭര്‍ത്താവ് മറുപടി പറഞ്ഞു. അവള് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: ''ത്യാഗപൂര്‍ണ്ണമായ ജീവിതം നയിക്കുന്ന നിങ്ങളെ കണ്ടിട്ടാണ് അച്ഛന് നമ്മുടെ വിവാഹം നടത്തിയത്. എന്നിട്ടും നിങ്ങള്‍ നാളെയെക്കുറിച്ച് ഇത്രയധികം ആശങ്കപ്പെടുന്നുവോ?'' ആ നിമിഷമാണ് തന്റെ ഭാര്യയുടെ മനസ്സിന്റെ വലുപ്പം അയാള്‍ തിരിച്ചറിഞ്ഞത്. യഥാര്‍ത്ഥ സന്യാസം വേഷത്തിലല്ല, മനസ്സിലാണെന്ന് അയാള്‍ക്ക് ബോധ്യമായി. വ്യക്തിത്വം വേഷംകൊണ്ടല്ല, നിലപാടുകള്‍കൊണ്ടാണ് തിരിച്ചറിയപ്പെടുന്നത്. ആളുകള്‍ക്കു മുന്നില്‍ ഒരു രീതിയിലും, ആരും കാണാത്തപ്പോള്‍ മറ്റൊരു രീതിയിലും പെരുമാറുന്നവര്‍ക്ക് യഥാര്‍ത്ഥ വ്യക്തിത്വം ഉണ്ടാകില്ല. സാഹചര്യങ്ങള്‍ മാറുമ്പോഴും മൂല്യങ്ങള്‍ മാറാത്തവരാണ് ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ ഉയര്ന്നുനില്ക്കുന്നത്. പുറത്തും അകത്തും ഒരേ മനസ്സോടെ, സാഹചര്യങ്ങള്‍ക്കനുസരിച്ച് നിറം മാറാതെ ജീവിക്കാന്‍ നമുക്കും കഴിയട്ടെ... - ശുഭദിനം.