ഇസ്ലാമാബാദ്∙ പാക്കിസ്ഥാന്റെ പുതിയ സിഡിഎഫ് (ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സ്) ആയി നിയമിതനായ അസിം മുനീറിന് ആജീവനാന്ത നിയമപരിരക്ഷ. രാജ്യത്തെ പ്രസിഡന്റിന് തുല്യമായ നിയമപരിരക്ഷയും കുറ്റവിചാരണയിൽ നിന്ന് ആജീവനാന്ത പ്രതിരോധശേഷിയും പുതിയ പദവിയിലൂടെ അസിം മുനീറിന് ലഭിക്കും. ഇതോടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി മാറിയിരിക്കുകയാണ് അസിം മുനീർ.
സിഡിഎഫ് പദവിയിലൂടെ ആണവ രാജ്യമായ പാക്കിസ്ഥാന്റെ സൈനിക നിയന്ത്രണം പൂർണമായും ഇനി അസിം മുനീറിന്റെ കൈകളിലാകും. കര–നാവിക–വ്യോമ സേനകളുടെ സംയുക്ത സൈനിക മേധാവി സ്ഥാനത്തിന് പുറമെ, പാക്കിസ്ഥാന്റെ ആണവായുധങ്ങളുടെ നിയന്ത്രണവും ഇപ്പോൾ അസിം മുനീറിന്റെ കൈയിലാണ്. നാഷനൽ സ്ട്രാറ്റജിക് കമാൻഡിന്റെ അധികാരമാണ് അസിം മുനീറിന് ലഭിച്ചിരിക്കുന്നത്.. രാജ്യത്തിന്റെ ആണവായുധങ്ങളും മിസൈൽ സംവിധാനങ്ങളും കൈകാര്യം ചെയ്യുന്നതാണ് നാഷനൽ സ്ട്രാറ്റജിക് കമാൻഡ്.