അബുദാബി ∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 25 ദശലക്ഷം ദിർഹത്തിന്റെ (ഏകദേശം 61 കോടിയിലേറെ രൂപ) മഹാഭാഗ്യം പങ്കിട്ട 16 പേർ സൗദി അൽ ഖോബാറിൽ എണ്ണപ്പാടങ്ങളിൽ ജോലി ചെയ്യുന്ന മലയാളി സുഹൃത്തുക്കൾ. ഇവരിൽ ഒരാളായ പി.വി രാജൻ വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെങ്കിലും ഈ വിജയം പേരുടെയും ഒരു പതിറ്റാണ്ടിലേറെയുള്ള സ്വപ്ന സാക്ഷാത്കാരമാണ്.
പത്തനംതിട്ട സ്വദേശിയായ 52 കാരൻ രാജൻ പി.വി. സൗദിയിൽ എണ്ണപ്പാടങ്ങളിലെ കൺട്രോൾ സൂപ്പർവൈസറായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ 13 വർഷമായി അദ്ദേഹവും മറ്റ് 15 സഹപ്രവർത്തകരും എല്ലാ മാസവും മുടങ്ങാതെ ബിഗ് ടിക്കറ്റ് എടുക്കാറുണ്ടായിരുന്നു. ഓരോരുത്തരും 63 ദിർഹം വീതം മുടക്കിയാണ് ടിക്കറ്റ് എടുക്കുന്നത്. നവംബർ മാസത്തെ ഗ്രാൻഡ് പ്രൈസ് ലഭിച്ച ടിക്കറ്റ് രാജന് ലഭിച്ചത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. ഞങ്ങളുടെ ഗ്രൂപ്പിനുവേണ്ടി രണ്ട് ടിക്കറ്റുകൾ വാങ്ങിയപ്പോൾ സൗജന്യമായി ലഭിച്ച പ്രമോഷനൽ ടിക്കറ്റായിരുന്നു അതെന്ന് രാജൻ പറഞ്ഞു.
ഡിസംബർ 3ന് കുടുംബത്തോടൊപ്പം പുറത്തുപോയ സമയത്താണ് ലൈവ് നറുക്കെടുപ്പ് കണ്ടിരുന്ന സുഹൃത്തുക്കൾ വിജയം അറിയിക്കാൻ രാജനെ വിളിക്കുന്നത്. നമ്മൾ ജയിച്ചു എന്ന് അവർ പറഞ്ഞപ്പോൾ തമാശയാണെന്നാണ് ഞാൻ കരുതിയത്. പക്ഷേ, ഒരു മിനിറ്റിനുള്ളിൽ റിച്ചാർഡ് വിളിച്ചു, എനിക്കെന്തോപറന്നുയരുന്നതുപോലെ തോന്നി. ഏതായാലും ഈ ഭാഗ്യം ജീവിതത്തെ മാറ്റിമറിക്കുക തന്നെ ചെയ്യും.