മൂന്നാറിന് സമീപം ആനച്ചാലിൽ സഞ്ചാരികളെ ആകാശത്ത് മുൾമുനയിൽ നിർത്തിയ സ്കൈ ഡൈനിങ് പ്രവർത്തിച്ചത് അനധികൃതമായെന്ന് റിപ്പോർട്ട്. ഇടുക്കി ടൂറിസം ഡപ്യൂട്ടി ഡയറക്ടർ ടൂറിസം ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിൽ സ്കൈ ഡൈനിങ് അഡ്വഞ്ചർ ടൂറിസത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നും സുരക്ഷാ മാനദണ്ഡങ്ങൾ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി (കെഎടിപിഎസ്) തയാറാക്കിയിട്ടില്ലെന്നും വ്യക്തമാക്കുന്നു. അനധികൃതമായാണ് സ്കൈ ഡൈനിങ് പ്രവർത്തിച്ചതെന്ന നാട്ടുകാരുടെ ആരോപണം റിപ്പോർട്ട് ശരി വയ്ക്കുന്നു.
സ്കൈ ഡൈനിങ്ങിന് ലൈസൻസ് നൽകാനോ, നിയമലംഘനത്തിനെതിരെ നടപടിയെടുക്കാനോ ടൂറിസം ഡിപ്പാർട്മെന്റിന് അധികാരമില്ല. അനുമതിയുള്ള ടൂറിസം പ്രവർത്തനങ്ങൾക്ക് സൗകര്യങ്ങൾ നൽകുക മാത്രമാണ് ചെയ്യുന്നതെന്നും വകുപ്പ് അധികൃതർ പറയുന്നു. ഏതൊരു സംരംഭത്തിനും ലൈസൻസ് നൽകേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണെന്നാണ് വകുപ്പ് നിർദേശിക്കുന്നത്. ടൂറിസം മേഖലയിലെ നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കേണ്ടത് റവന്യു വകുപ്പും ജില്ലാ ഭരണകൂടവുമാണ്. ദുരന്തനിവാരണ നിയമം ബാധകമായ പള്ളിവാസൽ പഞ്ചായത്തിൽ ഒരു സുരക്ഷയുമില്ലാതെ സ്കൈ ഡൈനിങ് പ്രവർത്തിക്കുകയാണെന്ന് സ്പെഷൽ ബ്രാഞ്ച് ഇടുക്കി ജില്ലാ ഭരണകൂടത്തിന് ഒരു മാസം മുൻപ് റിപ്പോർട്ട് നൽകിയിട്ടും നടപടിയെടുക്കാത്തതു രാഷ്ട്രീയ സമ്മർദത്താലാണെന്നും ആരോപണമുണ്ട്.