സംസ്ഥാനത്ത് മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിനായി കൂടുതൽ ശക്തമായ സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഭേദഗതി ബിൽ നിലവിലെ നിയമസഭാ സമ്മേളനത്തിൽ സർക്കാർ അവതരിപ്പിക്കും.
വയോജനങ്ങൾക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ തടയുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി കർശനമായ ശിക്ഷാനടപടികളാണ് പുതിയ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. മുതിർന്ന പൗരന്മാരെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുക, പരിചരിക്കാതെ ഉപേക്ഷിക്കുക, വീടുകളിൽനിന്ന് ഇറക്കിവിടുക എന്നിവ മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യങ്ങളായി മാറും.
വ്യാജരേഖകൾ വഴിയോ ഭീഷണിപ്പെടുത്തിയോ വയോജനങ്ങളുടെ സ്വത്ത് കൈക്കലാക്കാൻ ശ്രമിച്ചാലും സമാനമായ ശിക്ഷ ലഭിക്കും. സ്വത്ത് കൈമാറിയശേഷം പരിചരണം ഉറപ്പുനൽകിയിട്ടും അത് പാലിക്കാത്ത സാഹചര്യത്തിൽ, സ്വത്ത് കൈമാറ്റം റദ്ദാക്കുന്നതിനായി വയോജനങ്ങൾക്ക് സംരക്ഷണ ട്രൈബ്യൂണലിൽ പരാതി നൽകാം.