ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; 26,000ത്തിലധികം വളർത്തുപക്ഷികളെ കൊന്നൊടുക്കും
ആലപ്പുഴ: ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധ നടപടികൾ ശക്തമാക്കി. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്, മാവേലിക്കര നഗരസഭാ പ്രദേശങ്ങളിലുൾപ്പെടെ രോഗബാധ കണ്ടെത്തിയ മേഖലകളിൽ വളർത്തുപക്ഷികളെ ഇന്ന് മുതൽ കൊന്നൊടുക്കും. പത്തനംതിട്ട ജില്ലയിലെ നാല് പഞ്ചായത്തുകളിലും നടപടി സ്വീകരിക്കും.
മുൻകരുതൽ നടപടികളുടെ ഭാഗമായി 26,000ത്തിലധികം വളർത്തുപക്ഷികളെ കൊന്നൊടുക്കാനാണ് തീരുമാനം. ആലപ്പുഴ നഗരസഭയിലെ 13 വാർഡുകൾ, ഹരിപ്പാട്, മാവേലിക്കര നഗരസഭകൾ, 36 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിൽ നാല് പഞ്ചായത്തുകൾ പത്തനംതിട്ട ജില്ലയിലാണ്.
രോഗബാധിത മേഖലകളിൽനിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചതിൽ ഏവിയൻ ഇൻഫ്ലുവൻസയുടെ എച്ച്5എൻ1 വകഭേദമാണ് സ്ഥിരീകരിച്ചത്. നിരീക്ഷണ മേഖലകളിൽ ഒരാഴ്ചത്തേക്ക് കോഴി, താറാവ്, മുട്ട, ഇറച്ചി എന്നിവയുടെ വിപണനത്തിനും കടത്തലിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.