ഫേസ്ബുക്കിൽ സ്ത്രീയുടെ വ്യാജ പ്രൊഫൈൽ; ചികിത്സാ സഹായത്തിന്റെ പേരിൽ 15 ലക്ഷത്തിലധികം രൂപ തട്ടിപ്പ്
കൽപ്പറ്റ: ഫേസ്ബുക്കിലൂടെ സ്ത്രീയുടെ വ്യാജ പ്രൊഫൈൽ നിർമിച്ച് സൗഹൃദം സ്ഥാപിച്ചശേഷം ചികിത്സാ സഹായത്തിന്റെ പേരിൽ വയനാട് സ്വദേശിയിൽനിന്ന് 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശി അറസ്റ്റിൽ. കോഴിക്കോട് സ്വദേശിയായ ലത്തീഫിനെയാണ് (45) കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്.
2025 നവംബർ 12-നാണ് തട്ടിപ്പിന് തുടക്കമായത്. "സഫ്ന' എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിൽ കുട്ടിയുടെ ചികിത്സാ സഹായം അഭ്യർഥിച്ചുള്ള പോസ്റ്റ് കണ്ട പിണങ്ങോട് സ്വദേശിയായ പരാതിക്കാരൻ ആദ്യം 1,000 രൂപ ഗൂഗിൾ പേ വഴി അയച്ചുനൽകി.
വിദേശത്ത് ജോലി ചെയ്യുന്ന എഞ്ചിനീയറാണെന്ന് സ്വയം പരിചയപ്പെടുത്തിയ 'സഫ്ന' , നാട്ടിലുള്ള സുഹൃത്തായ ലത്തീഫിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കാൻ നിർദേശിക്കുകയായിരുന്നു.തുടർന്ന് 'സഫ്ന' എന്ന വ്യാജ സ്ത്രീ പ്രൊഫൈലിലും ലത്തീഫ് എന്ന പേരിലുള്ള മറ്റൊരു വ്യാജ പ്രൊഫൈലിലും വിവിധ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് പ്രതി പരാതിക്കാരനുമായി നിരന്തരം ചാറ്റ് ചെയ്ത് അടുപ്പം സ്ഥാപിച്ചു.
സ്വപ്ന എന്ന സ്ത്രീ യഥാർഥത്തിൽ ഉണ്ടെന്ന് വിശ്വസിപ്പിച്ച പ്രതി, ചികിത്സാ ആവശ്യങ്ങൾക്കെന്ന പേരിൽ പണം വാങ്ങുകയും പിന്നീട് തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇത്തരത്തിൽ പല ഘട്ടങ്ങളിലായി ഗൂഗിൾ പേ, ബാങ്ക് അക്കൗണ്ട് എന്നിവ വഴി 15,07,850 രൂപ തട്ടിയെടുക്കുകയായിരുന്നു.
വീണ്ടും 50,000 രൂപ ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ പരാതിക്കാരൻ പണം തിരികെ ചോദിച്ചു. എന്നാൽ പ്രതി ഒഴിഞ്ഞുമാറിയതിനെ തുടർന്ന് 2026 സെപ്റ്റംബർ 19-ന് കൽപ്പറ്റ പോലീസിൽ പരാതി നൽകി.
പോലീസ് നടത്തിയ അന്വേഷണത്തിൽ സ്വപ്ന എന്ന വ്യാജ പ്രൊഫൈലും ലത്തീഫിന്റെ അക്കൗണ്ടും ഒരേ മൊബൈൽ ഫോണിൽ നിന്നാണ് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തി. ഉപയോഗിച്ച സിം കാർഡുകളും ലത്തീഫിന്റെ പേരിലുള്ളതാണെന്ന് വ്യക്തമായി. തുടർന്ന് നവംബർ 14-ന് ആവളയിൽനിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സമാനമായ തട്ടിപ്പ് കേസുകളിൽ ഇയാൾ നേരത്തെയും ഉൾപ്പെട്ടിട്ടുണ്ട്. 2023-ൽ തൃശൂർ റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ നദീർ റഷാൻ എന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ ഉപയോഗിച്ച് കാൻസർ ചികിത്സയുടെ പേരിൽ 21.7 ലക്ഷം രൂപ തട്ടിയെടുത്ത കേസിലും ഇയാൾ പ്രതിയായിരുന്നു. ഈ കേസിൽ റിമാൻഡിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും തട്ടിപ്പ് നടത്തിയത്. കൂടാതെ മേപ്പയൂർ പോലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.