ധനപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഓരോ വകുപ്പിലും ധനകാര്യ ഉപദേഷ്ടാവിനെ (ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർ)നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ജോയിൻ്റ് സെക്രട്ടറി പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥരെയാകും നിയമിക്കുക. ധനവകുപ്പിന്റെ നേരിട്ടുള്ള പരിശോധന ആവശ്യ മില്ലാത്ത ഒട്ടേറെ ഫയലുകൾ നിലവിൽ വകുപ്പിലേക്കെത്തുന്നു
വെന്നാണ് വിലയിരുത്തൽ. വകുപ്പുകളിൽ തന്നെ കൈകാര്യം ചെയ്യാവുന്ന ഫയലുകൾ ഇനി സാമ്പത്തിക ഉപദേഷ്ടാവ് പരിശോധിക്കും. നയപരമായ തീരുമാനങ്ങൾ, പുതിയ സേവനങ്ങൾ, വിശാലമായ സാമ്പത്തിക കാര്യങ്ങൾ തുടങ്ങി നിർബന്ധമായും ധനവകുപ്പ് കാണേണ്ട ഫയലുകൾ മാത്രമേ അവിടേക്ക് അയയ്ക്കൂ. വിപ്ലവകരമായ ഭരണപരിഷ്കാര നടപടിയാണിതെന്നു മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. 1974ൽ കേന്ദ്ര സർക്കാർ നടപ്പാക്കിയ മാതൃകയിലുള്ള നിയമനമാണിത്.
ധനപരമായ ചട്ടങ്ങൾ അറിയാതെയാണ് പല വകുപ്പുകളിൽനിന്നും നിലവിൽ ധനവകുപ്പിലേക്കു ഫയലുകളെത്തുന്നത്. ഇതുമൂലം തീരുമാനങ്ങളും പദ്ധതികളും വൈകുന്നു. നടപടിക്രമങ്ങൾ സുഗമമാകുന്നതോടെ
ഭരണതലത്തിൽ വലിയ മാറ്റമുണ്ടാകുമെന്നും പുതിയ തസ്തിക സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.