പാലാ കാനാട്ടുപാറയ്ക്ക് സമീപം നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ് വൈദ്യുതി തൂൺ തകർത്തു. രണ്ടു വൈദ്യുതി തൂണുകളാണ് അപകടത്തിൽ തകർന്നതെന്ന് പാലാ കെ എസ് ആർ ടി സി അധികൃതർ അറിയിച്ചു. പുലർച്ചെ 3.30തോടെയായിരുന്നു അപകടം. അപകടത്തിൻ്റെ വ്യാപ്തിയും നാശനഷ്ടവും അറിവായിട്ടില്ല. കണ്ണൂർ - പുനലൂർ ബസാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന. കെ എസ് ആർ ടി സി, കെ എസ് ഇ ബി, പോലീസ് അധികൃതർ അപകടവിവരമറിഞ്ഞ് സംഭവസ്ഥലത്തേയ്ക്ക് പുറപ്പെട്ടു.
അപകടത്തെത്തുടർന്നു സബ്സ്റ്റേഷനിൽ നിന്നും വൈദ്യുതി ഓഫ് ചെയ്തതിനെത്തുടർന്നു വിവിധ മേഖലകളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
അപകടത്തിൽ ഒരു കുട്ടിയുടെ പരിക്ക് ഗുരുതരമെന്നറിയുന്നു. വേറെ അഞ്ചുപേർക്ക് കൂടി നിസ്സാര പരുക്കുകളുണ്ട്.