കൊച്ചി ∙ സംസ്ഥാനത്തെ ഉയർന്ന അന്തരീക്ഷ താപനില 38 ഡിഗ്രി സെൽഷ്യസ് ആണെങ്കിലും അനുഭവപ്പെടുന്ന ചൂട് 50 ഡിഗ്രി സെൽഷ്യസിൽ ഏറെ. അന്തരീക്ഷത്തിലെ ഈർപ്പം മൂലമാണ് അനുഭവപ്പെടുന്ന ചൂട് (ഹീറ്റ് ഇൻഡക്സ്) 50 ഡിഗ്രി സെൽഷ്യസിൽ ഏറെയാകുന്നത്. ഒരാഴ്ച കൂടി ഈ കാലാവസ്ഥ തുടരാനാണു സാധ്യതയെന്ന് കുസാറ്റ് അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫറിക് റഡാർ റിസർച് ഡയറക്ടർ ഡോ.എസ്. അഭിലാഷ് പറഞ്ഞു. കേരളമുൾപ്പെടെ ദക്ഷിണേന്ത്യയുടെ ഉച്ചയിൽ സൂര്യൻ നിൽക്കുന്നതിനാൽ അൾട്രാ വയലറ്റ് രശ്മികൾ കൂടുതലാണ്. മഴ മേഘങ്ങളുടെ സാന്നിധ്യമില്ലാത്തതും ചൂടു കൂടാൻ കാരണമാണ്.
വടക്കൻ അറബിക്കടലിൽ നിന്നുള്ള എതിർചക്രവാതവും ചൂടുകൂടിയ വായുസഞ്ചാരവും മറ്റൊരു കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത 2 ദിവസങ്ങളിൽ സംസ്ഥാനത്ത് വയനാടും ഇടുക്കിയും ഒഴികെയുള്ള ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയരുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. എറണാകുളം ജില്ലയിൽ 14, 15 തീയതികളിൽ താപനില 37 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരും. താപനില ഉയരാനുള്ള സാധ്യതയെ തുടർന്ന് എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിൽ മഞ്ഞ അലർട്ടും നൽകിയിട്ടുണ്ട്.