കരിങ്കുന്നം: പഞ്ചായത്തിൽ മലിനീകരണത്തിന് കാരണമാകുന്ന ഓറഞ്ച് കാറ്റഗറി പ്ലൈവുഡ് ഫാക്ടറികൾ ആരംഭിക്കുന്നതിനെതിരെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ന് കരിദിനം ആചരിക്കുന്നു.
രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് കരിദിനാചരണം. പഞ്ചായത്തിന്റെ പരിസ്ഥിതിക്കും ജനങ്ങളുടെ ആരോഗ്യത്തിനും ഭീഷണിയാകുന്ന വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനെതിരെയാണ് ജനകീയ കൂട്ടായ്മ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
കരിദിനാചരണത്തിന്റെ ഭാഗമായി വ്യാപാരികൾ കടകൾ അടച്ചും വിവിധ സ്ഥാപനങ്ങൾ പ്രവർത്തനം നിർത്തിവെച്ചും പ്രതിഷേധത്തിൽ പങ്കുചേരണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു. പഞ്ചായത്തിലെ മുഴുവൻ ജനങ്ങളും കരിദിനാചരണത്തോട് സഹകരിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.
കരിദിനാചരണത്തിന് മുന്നോടിയായി കരിങ്കുന്നം പഞ്ചായത്തിൽ ഇന്നലെ വാഹന പ്രചാരണ ജാഥ നടത്തുകയും, വൈകുന്നേരം 5 മണിക്ക് നേടിയകാട് നിന്നും കരിങ്കുന്നത്തെക്ക് റാലി നടത്തുകയും ചെയ്തു. കരിങ്കുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പള്ളി വികാരിമാർ, സിസ്റ്റേഴ്സ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങി 100 കണക്കിനാളുകൾ ഈ റാലിയിൽ പങ്കെടുത്തു. 6 മണിക്ക് കരിങ്കുന്നത്ത് വിശദീകരണ യോഗവും, പൊതു സമ്മേളനവും നടത്തപ്പെട്ടു. സമ്മേളനത്തിൽ ശ്രീ നോബിൾ സ്വാഗതം ആശംസിക്കുകയും, ശ്രീ ജോർജ്ജ് മുല്ലക്കിരി വിഷയാവതരണം നടത്തുകയും ചെയ്തു. പ്രമുഖ പരിസ്ഥതി പ്രവർത്തകൻ ശ്രീ സി ആർ നീലകണ്ഠൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പള്ളി വികാരിമാർ എന്നിവർ സന്നിഹിതരായിരുന്നു.