"വയോജനങ്ങളെ ആദരിക്കാം, അവരുടെ അനുഭവ സമ്പത്ത് സമൂഹത്തിന് കരുത്താക്കാം."
കരിങ്കുന്നം: വയോജനങ്ങളുടെ ക്ഷേമവും മാനസിക ഉല്ലാസവും ലക്ഷ്യമിട്ട് കരിങ്കുന്നം ഗ്രാമപഞ്ചായത്ത് ഒരുക്കിയ സായംപ്രഭാ ക്ലബ്ബിന്റെയും വയോജന പാർക്കിന്റെയും ഉദ്ഘാടനം ഇന്ന് (നവംബർ 20) നടക്കും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന ചടങ്ങ് കേരള സർക്കാർ ചീഫ് വിപ്പും എം.എൽ.എയുമായ ശ്രീ. അപ്പു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യും.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. സജീഫ് ഫിലിപ്പിന്റെ സ്വാഗതപ്രസംഗത്തോടെ ആരംഭിക്കുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈനി ജോൺ അധ്യക്ഷത വഹിക്കും. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീലാ സ്റ്റീഫൻ മുഖ്യപ്രഭാഷണം നടത്തും.
വയോജനങ്ങൾക്ക് ഒത്തുചേരാനും പരസ്പരം അനുഭവങ്ങൾ പങ്കുവെക്കാനും ആരോഗ്യപരമായും മാനസികമായും ഉല്ലാസകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും അവസരമൊരുക്കുകയാണ് സായംപ്രഭാ ക്ലബ്ബിന്റെ ലക്ഷ്യം. പ്രകൃതിയോട് ഇണങ്ങി വിശ്രമിക്കാനും വിനോദങ്ങളിൽ ഏർപ്പെടാനും കഴിയുന്ന തരത്തിലാണ് വയോജന പാർക്ക് സജ്ജീകരിച്ചിരിക്കുന്നത്.
പ്രധാന സവിശേഷതകൾ :
സായം പ്രഭ ക്ലബ്: വയോജനങ്ങൾക്ക് ഒത്തുകൂടാനും, ആരോഗ്യവിവരങ്ങൾ പങ്കുവെക്കാനും, കലാ - കായിക വിനോദങ്ങളിൽ ഏർപ്പെടുവാനുള്ള ഒരു വേദി.
വയോജന പാർക്ക് : പ്രകൃതിയോട് ഇണങ്ങി നിന്ന് ശാന്തമായി വിശ്രമിക്കുന്നതിനും, ഉല്ലാസത്തിനും ഉള്ള പ്രത്യേക ഇടം.
Vayojana വർഷാചരണം : വയോജനങ്ങളുടെ ഉന്നമനത്തിനും, അവകാശങ്ങൾക്കും പ്രാധാന്യം നൽകുന്ന ഈ വർഷത്തിൽ വയോജനങ്ങൾക്ക് നൽകേണ്ടുന്ന കരുതലിൻ്റെയും, സ്നേഹത്തിൻ്റെയും ഭാഗമായാണ് ഈ പദ്ധതി യാഥാർഥ്യമാകുന്നത്.
നമ്മുടെ മുതിർന്ന തലമുറക്ക് ആദരവായി ഒരുക്കുന്ന ഈ ചടങ്ങിലേക്ക് എല്ലാ നാട്ടുകാരെയും, ജനപ്രതിനിധികളെയും, സുമനസ്സുകളെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും, സെക്രട്ടറിയും അറിയിച്ചു.