ക്ഷീരവികസന വകുപ്പിന്റെ വിവിധ പദ്ധതികളിലേക്ക് ക്ഷീരകർഷകരിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. മിൽക്ക് ഷെഡ് വികസനം, ഡയറി ഫാമുകളുടെ ആധുനികവൽക്കരണം, ശുചിത്വ നിലവാരം മെച്ചപ്പെടുത്തൽ തുടങ്ങിയ പദ്ധതികൾക്കാണ് അപേക്ഷ സമർപ്പിക്കാവുന്നത്. നവംബർ 7 വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്.
ക്ഷീരവികസന വകുപ്പിന്റെ www.ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്ത് അപേക്ഷകൾ സമർപ്പിക്കണം.
ഒരു പശു യൂണിറ്റ്, രണ്ട് പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ് തുടങ്ങിയ ഡയറി യൂണിറ്റ് പദ്ധതികൾക്കു പുറമേ യുവജനങ്ങൾക്കായി പത്ത് പശുക്കളെ ഉൾപ്പെടുത്തി ലോൺ ലിങ്ക്ഡ് സ്മാർട്ട് ഡയറി ഫാം പദ്ധതിയും നടപ്പാക്കുന്നുണ്ട്.
ഡയറി ഫാമുകളുടെ ആധുനികവൽക്കരണത്തിനും യന്ത്രവൽക്കരണത്തിനും മിൽക്കിംഗ് മെഷീൻ വാങ്ങുന്നതിനും തൊഴുത്ത് നിർമാണത്തിനും ധനസഹായം ലഭിക്കുന്ന പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. ഇടുക്കി പാക്കേജ്, ഡയറി ഫാമുകൾക്കുള്ള ആവശ്യാനുസൃത ധനസഹായം, ഗുണനിലവാര നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതി, ഡയറി ഫാമുകളുടെ ശുചിത്വം മെച്ചപ്പെടുത്തുന്നതിനുള്ള ധനസഹായം എന്നിവയ്ക്കും അപേക്ഷിക്കാം.
പദ്ധതികളുടെ യോഗ്യതാ മാനദണ്ഡങ്ങൾ, ധനസഹായത്തിന്റെ വിശദാംശങ്ങൾ, അപേക്ഷാ നടപടികൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന യൂണിറ്റുമായി ബന്ധപ്പെടണമെന്ന് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.